Showing posts with label Kumaranashan. Show all posts
Showing posts with label Kumaranashan. Show all posts

Thursday, 5 April 2012

പൂക്കാലം

                                     കുമാരനാശാന്‍

Kumaranashan
പൂക്കുന്നിതാ മുല്ല, പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവു, പൂക്കുന്നശോകം
വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍, പൂവാല്‍
ചോക്കുന്നു കാടന്തിമേഘങ്ങള്‍പോലെ.

എല്ലാടവും പുഷ്പഗന്ധം പരത്തി
മെല്ലെന്നു തെക്കുന്നു വീശുന്നു വായു,
ഉല്ലാസമീ നീണ്ട കൂകൂരവത്താ-
ലെല്ലാര്‍ക്കുമേകുന്നിതേ കോകിലങ്ങള്‍.

കാണുന്നിതാ രാവിലേ പൂവു തേടി
ക്ഷീണത്വമോരാത്ത തേനീച്ച കാട്ടില്‍
പോണേറെയുത്സാഹമുള്‍ക്കൊണ്ടിവയ്ക്കെ-
ന്തോണം വെളുക്കുന്നുഷസ്സോയിതെല്ലാം?

പാടങ്ങള്‍ പൊന്നിന്‍‌നിറം‌പൂണ്ടു, നീളെ-
പ്പാടിപ്പറന്നെത്തിയിത്തത്തയെല്ലാം
കേടറ്റ നെല്ലിന്‍ കതിര്‍ക്കാമ്പുകൊത്തി-
ക്കൂടാര്‍ന്ന ദിക്കോര്‍ത്തു പോകുന്നു വാനില്‍.

ഈ വല്ലിയില്‍നിന്നു ചെമ്മേ

                                    കുമാരനാശാൻ



Kumaranashan
ഈ വല്ലിയില്‍ നിന്നു ചെമ്മേ -  പൂക്കള്‍
പോകുന്നിതാ പറന്നമ്മേ

തെറ്റി നിനക്കുണ്ണി ചൊല്ലാം - നല്‍പ്പൂ-
മ്പാറ്റകളല്ലേയിതെല്ലാം

മേല്‍ക്കുമേലിങ്ങിവ പൊങ്ങി - വിണ്ണില്‍
നോക്കമ്മേ എന്തൊരു ഭംഗി
അയ്യോ പോയ് കൂടിക്കളിപ്പാന്‍ - അമ്മേ
വയ്യേ എനിക്കു പറപ്പാന്‍

അവാത്തതിങ്ങനെ എണ്ണി - ചുമ്മാ
മാഴ്കൊല്ലാ എന്നോമലുണ്ണി
പിച്ച നടന്നു കളിപ്പൂ  - നീയീ
പിച്ചകമുണ്ടോ നടപ്പൂ

അമ്മട്ടിലായതെന്തെന്നാല്‍ - ഞാനൊ-
രുമ്മ തരാമമ്മ ചൊന്നാല്‍
നാമിങ്ങറിയുവതല്പം -  എല്ലാം
ഓമനേ ദൈവസങ്കല്പം

Friday, 30 March 2012

വീണപൂവ്‌

                            
Kumaranashan veenapoovu
                                       കുമാരനാശാന്‍



ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍?


ലാളിച്ചു പെറ്റ ലതയന്‍പൊടു ശൈശവത്തില്‍,
പാലിച്ചു പല്ലവപുടങ്ങളില്‍ വെച്ചു നിന്നെ;
ആ ലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-
ട്ടാലാപമാര്‍ന്നു മലരേ, ദളമര്‍മ്മരങ്ങള്‍


പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും
ബാലാതപത്തില്‍ വിളയാടിയുമാടലെന്യേ
നീ ലീലപൂണ്ടിളയ മൊട്ടുകളോടു ചേര്‍ന്നു
ബാലത്വമങ്ങനെ കഴിച്ചിതു നാളില്‍ നാളില്‍


ശീലിച്ചു ഗാനമിടചേര്‍ന്നു ശിരസ്സുമാട്ടി-
ക്കാലത്തെഴും കിളികളോടഥ മൗനമായ്‌ നീ
ഈ ലോകതത്വവുമയേ, തെളിവാര്‍ന്ന താരാ-
ജാലത്തൊടുന്മുഖതയാര്‍ന്നു പഠിച്ചു രാവില്‍