ഇടശ്ശേരി ഗോവിന്ദന്‍ നായര്‍
ദാരുകന്‍:പായുക പായുക കുതിരകളേ,
പരമാത്മാവിന്‍ തേരിതിനെ
സുദീര്‍ഘ വീഥിയില്‍ നയിയ്ക്ക നീളെ
സുഖിത സ്വപ്നം പോലെ.
"ദാരുക, ദാമോദരനൊപ്പം
വ്രജത്തിലോളം നീ പോണം
ആജ്ഞയല്ലൊരനുഗ്രഹമത്രേ
നമുക്കു തന്നൂ ബലരാമന്‍
മടുപ്പനത്രേ കൊട്ടാരം
അയത്ന സുലഭസുഖാഗാരം:
ഇടയ്ക്കു കണ്ണീരുപ്പുപുരട്ടാ
തെന്തിനു ജീവിതപലഹാരം!
വിരോധിമാരേ, നിങ്ങള്‍ക്കാ
യാശംസിപ്പൂ ഞാനിവയെ:
വിശപ്പൊരിക്കലുമേല്‍പിയ്ക്കാത്തൊരു
വിശേഷ ഭക്ഷണ വിഭവങ്ങള്‍;
വിയോഗമെന്തെന്നറിയാനരുതാ
ത്തവിഘ്നസിദ്ധപ്രണയങ്ങള്‍;
ഒരിറ്റു നിണവും വീഴാതഴകോ
ടൊഴിഞ്ഞു കിട്ടും വിജയങ്ങള്‍!
എനിയ്ക്കു രസമീ നിമ്നോന്നതമാം
വഴിയ്ക്കു തേരുരുള്‍ പായിക്കല്‍;
ഇതേതിരുള്‍ക്കുഴിമേലുരുളട്ടേ,
വിടില്ല ഞാനീ രശ്മികളെ.